Showing posts with label ജിത്തു ഭായ് എന്നാ ചോക്ലേറ്റ് ഭായ്. Show all posts
Showing posts with label ജിത്തു ഭായ് എന്നാ ചോക്ലേറ്റ് ഭായ്. Show all posts

Sunday, October 30, 2011

സന്തോഷ്‌ പണ്ഡിറ്റ്‌ എന്തു തെറ്റാണു ചെയ്തത്?

ചെറുപ്പത്തില്‍ നമ്മളെല്ലാം കേട്ടിട്ടുള്ള ഒരു ചോദ്യമാണ് വലുതാവുമ്പോള്‍ ആരായിത്തീരണമെന്ന്(1). അന്ന് പലരും പൈലറ്റ് എന്നും പോലീസ് എന്നും മറ്റും തള്ളി ‌‍മറിച്ചിട്ടുണ്ട്. ചിലപ്പോള്‍ സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞത് സിനിമ സംവിധായകനും, ഗായകനും, നടനും ഒക്കെ ആകണം എന്നായിരിക്കും. നേരത്തെ വലിയ വലിയ മോഹങ്ങള്‍ ഒക്കെ പറഞ്ഞ മിക്ക ടീമ്സും ഇപ്പോള്‍ ഫേസ് ബുക്കും, ഗൂഗിള്‍ ന്യൂസും നോക്കി വല്ല IT കമ്പനിയിലും ഇരിക്കുന്നുണ്ടാവും. അങ്ങനെ ഇരിക്കുമ്പോളാവും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരുത്തന്‍ അവന്റെ സ്വപ്നം യാഥാര്‍ത്ഥ്യം ആക്കിയത്.  അയാളെ പോലെ കറുത്തവനും പല്ല് ഉന്തിയവനും ആയ ഒരുത്തന്‍ അവന്റെ സ്വപനം പൂവണിയിക്കുന്നത് കണ്ടപ്പോള്‍ ചില ലവന്മാര്‍ക്കൊന്നും അത്രയ്ക്കൊനും ദഹിക്കുന്നില്ല. ഇപ്പോള്‍ പണ്ഡിറ്റ്‌'ഇനു നേരെ ഉയരുന്ന ആരോപണ ശരങ്ങളെല്ലാം ആ ഒരു വീക്ഷണ കോണില്‍ നിന്നെ കാണാന്‍ സാധിക്കൂ. 

അദ്ദേഹം ആരെയെങ്കിലും പറ്റിച്ചോ? ആരെയെങ്കിലും സിനിമ കാണാന്‍ നിര്‍ബന്ധിച്ചോ? പിടിച്ചിരുത്തി പാട്ട് കേള്‍പ്പിച്ചോ? പിന്നെ എന്തിനാണു നിങ്ങള്‍ കല്ലെറിയുന്നത്? ഇതു നമ്മുടെ സ്വതസിദ്ധമായ ഞണ്ടു സ്വഭാവം(2) അല്ലെ? സ്വയം മിടുക്കര്‍ എന്നു അവകാശപെടുന്ന എന്നാല്‍ ഇരുളിന്റെ മറവില്‍ താലോലിക്കുന്ന സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യം ആക്കാന്‍ കഴിവില്ലാത്ത വെറും ഷണ്ഡന്‍മാര്‍ക്കേ SPയെ തെറി പറയാന്‍ സാധിക്കൂ. ആത്മവിശ്വാസവും ഉത്സാഹവും ഉള്ള ഒരാള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ സാധിക്കും എന്നതിന്, വരും തലമുറയെ എങ്കിലും അവരുടെ സ്വപ്‌നങ്ങള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കാന്‍ ഉള്ള ഉത്തമ ഉദാഹരണമായി കാണിക്കാന്‍ ഉള്ളതാണ് SPയുടെ ഈ സിനിമ ഉദ്യമങ്ങള്‍. 

ശാസ്ത്രീയമായി സിനിമ പഠിക്കാത്ത, സിനിമ വ്യവസായത്തില്‍ മുന്‍പേ പ്രവര്‍ത്തിക്കാത്ത ഒരാള്‍ ഒരു സിനിമ എടുത്താല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ചില പോരായ്മകള്‍ അദ്ധേഹത്തിന്റെ ചിത്രത്തിനും ഉണ്ട്. അതിനെ സാങ്കേതികമായി തന്നെ വിമര്‍ശിക്കണം; വ്യക്തിപരമായല്ല. വിമര്‍ശനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ എടുത്തു പറയേണ്ടവയാണ് അതിലെ ഗാനങ്ങള്‍. പലയിടത്തും വരികളുടെ വൃത്തവും അലങ്കാരവും ഒന്നും ശരിയായിട്ടില്ല എങ്കിലും അര്‍ത്ഥഗര്‍ഭമായ വരികള്‍ തന്നെ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലാവും. പഴയകാല മലയാള ചലച്ചിത്ര ഗാനങ്ങളിലെ പോലെ, ലളിതമായ ആര്‍ക്കും മനസ്സിലാവുന്ന വരികള്‍ തന്നെ. സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ലളിതമായ ഗാനങ്ങള്‍ ഇല്ലാതെ പോയതാണ് മലയാള ചലച്ചിത്ര ഗാന ശാഖയ്ക്ക് അടുത്തകാലത്തുണ്ടായ വലിയ ഒരു പോരായ്മ. മലയാളഗാന കൂലിയെഴുതുകാര്‍ ഇത് ഗ്രഹിച്ചാല്‍ നന്ന്. മനോഹരമായ വരികള്‍ക്ക് മകുടോഡോദാഹരണമാണ് "കൃഷ്ണനും രാധയും" എന്ന ചിത്രത്തിലെ "ദേഹമില്ലാ ദേഹിക്കിപ്പോള്‍" എന്ന ഗാനത്തിനു ലഭിച്ച സ്വീകരണം. എം ജി ശ്രികുമാര്‍ ആലപിച്ച ആ ഗാനം എത്ര മനോഹരമാണ്! ഈ ഗാനത്തെ ആദ്യം പുകഴ്ത്തിയവര്‍ പലരും പിന്നീട് SPയുടെ ചിത്രത്തിലെ ഗാനം ആണെന്ന് മനസ്സിലായപ്പോള്‍ ഇതിനെ ഇകഴ്തുകയാണ് ചെയ്തത്. SP പിന്നീട് ആര്‍ജിച്ച negative ഇമേജ് കൊണ്ടാണോ എന്നറിയില്ല, അദ്ധേഹത്തിന്റെ പുതിയ ചിത്രമായ "ജിത്തു ഭായ് എന്നാ ചോക്ലേറ്റ് ഭായ്"ല്‍ പേരെടുത്ത ഗായകരാരും ഇല്ല. എങ്കിലും പല പാകപ്പിഴവുകളും നികത്തി improvise ചെയ്തവയാണ് അതിലെ പാട്ടുകള്‍ .

SPയുടെ ഇനി ഇറങ്ങാന്‍ പോകുന്ന ചിത്രങ്ങള്‍ വന്‍ വിജയങ്ങള്‍ ആയി തീരട്ടെ എന്നു ആശംസിച്ചുകൊള്ളുന്നു. അതോടൊപ്പം കേരളത്തില്‍ എന്ന പോലെ ബാംഗ്ലൂരിലും സിനിമ റിലീസ് ചെയ്യണം എന്നും ആഗ്രഹിക്കുന്നു.

Notes:
(1) : അന്നും ഇന്നും എനിക്കുത്തരമില്ലാത്ത ചോദ്യം; അതിനാല്‍ ഒരു IT കമ്പനിയില്‍ ജോലി ചെയ്യുന്നു :)
(2) : ഞാന്‍ കേട്ടിട്ടുള്ള കഥ ഇങ്ങനെയാണ്. കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തിയ ഞണ്ടു പെട്ടിക്കു മൂടി ഇല്ല. ഇതു കണ്ട സായിപ്പ് എന്തുകൊണ്ടാണിങ്ങനെ എന്നു import ചെയ്ത മലയാളിയോട് ചോദിച്ചു. ആ മലയാളി പറഞ്ഞു, "സായിപ്പേ, ഇത് മലയാളി ഞണ്ടുകള്‍ ആണ്. ഒന്ന് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവ വലിച്ചു താഴെ ഇട്ടോളും. അതുകൊണ്ട് മൂടി ഇല്ലാതെ വെച്ചാലും ഇവറ്റകള്‍ രക്ഷപെടില്ല".