Saturday, January 8, 2011

2010'ലെ എന്റെ ഇഷ്ടചിത്രങ്ങള്‍



കഴിഞ്ഞു പോയ വര്‍ഷം (2010) അതിനു മുന്‍പത്തെ പല വര്‍ഷങ്ങളെയും അപേക്ഷിച്ച് മലയാള സിനിമയ്ക്കു വളരെ ആശാവഹം ആയിരുന്നു എന്നാണ് എന്റെ പൊതുവേയുള്ള കണ്ടെത്തല്‍. ഒരു പിടി അല്ല, അതിലും കൂടുതല്‍ നല്ല ചിത്രങ്ങള്‍ ഉണ്ടായി എന്നു കരുതുന്നു. 2010'ഇല്‍ ഇറങ്ങിയ എനിക്കിഷ്ടപെട്ട സിനിമാകുളുടെ ഒരു പട്ടിക ഉണ്ടാക്കാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായില്ല. പ്രത്യേകിച്ച് മാനദണ്ഡം ഒന്നും ഇല്ലാതെ അവയൊക്കെ ഇവിടെ നിരത്തുന്നു.


In Ghost House Inn
ലാല്‍ സംവിധാനം ചെയ്ത ചിത്രം എന്നാ ഒറ്റ കാരണം കൊണ്ടു മാത്രം കണ്ട ചിത്രം. ലാലും സ്ഥിരം പരിവാരവും ഒട്ടും നിരാശപ്പെടുത്തിയില്ല. തുടക്കം വളരെ ഉദ്വേഗജനകം ആയിരുന്നെങ്കിലും അവസാനം നെടുമുടിയുടെ പാതിരി വേഷം കുറച്ചു over ആയില്ലേ എന്നു തോന്നി. അതുപോലെ തന്നെ അപ്പുകുട്ടന്‍ വീണ്ടും വീണ്ടും മണ്ടനും വളിപ്പനും ആയി തോന്നി. കൊട്ടകയില്‍ നിന്നും ഇറങ്ങുമ്പോള്‍ കാശ് നഷ്ടപെട്ടില്ലല്ലോ എന്നാ ആശ്വാസവും ഈ കൊല്ലം കണ്ട ആദ്യ പടം തന്നെ കൊഴപ്പമില്ലല്ലോ എന്ന ആനന്ദവും തോന്നി.

Mummy & Me 
സ്ത്രീകള്‍ മുഖ്യ കഥപാത്രമാവുന്ന കഥകള്‍ വല്ലപ്പോഴുമേ മലയാളത്തില്‍ ഇറങ്ങാരുള്ളൂ. അതില്‍ തന്നെ പ്രത്യേകിച്ചും സ്ത്രീകളെ ചുറ്റി പറ്റി തിരിയുന്ന പ്രമേയം ആവുമ്പോള്‍ അധികം ആളുകള്‍ ശ്രദ്ധിക്കുമോ എന്നു തന്നെ വേണം കരുതാന്‍. എന്നിരുന്നാല്‍ തന്നെ ഈ ചിത്രം ഭേദപെട്ട പ്രതികരണം കേരളത്തില്‍ ഉളവാക്കി. ഒരു സിനിമയില്‍ ആദ്യന്തം എല്ലാം പറഞ്ഞു മനസിലാക്കി കൊടുക്കണം എന്നു ആര്‍ക്കോ നിര്‍ബന്ധം ഉള്ള പോലെ; അവസാനം സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രത്തെ സ്ക്രീനില്‍ കൊണ്ടു വരേണ്ട ആവശ്യം തെല്ലും തോന്നിയില്ല. ഇതൊക്കെ അറിഞ്ഞുകൊണ്ട് തന്നെ ആണ് ഈ പടത്തിനു പോയതും.  അതുകൊണ്ട് നല്ല ഒരു പടം കാണാന്‍ സാധിച്ചു എന്ന ആശ്വാസം ബാക്കി. 

ഒരു നാള്‍ വരും 
മോഹന്‍ലാലിനെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു ചിത്രം. ഇതിനോടുള്ള പ്രതികരണം അത്ര നല്ലതല്ലയിരുന്നു എന്നാണ് തോന്നുന്നത്. എന്നിരുനാലും എന്നിക്ക് ഇഷ്ടപ്പെട്ടു. ഒരു പ്രേമ angle ഇല്ലായിരുന്നെങ്കില്‍ ലാലിന്‍റെ ശരീര ഭാഷ ഇതുപോലൊരു തിരക്കഥക്ക് ചേര്‍ന്നേനെ. തീരെ കൊഴുപ്പില്ലാത്ത ചിത്രം കൂടി ആണിത്. ഒരു scene പോലും അനാവശ്യമായി തോന്നിയില്ല. ആദ്യന്തം ഒരു നല്ല ചിത്രം. 

കുട്ടിസ്രാങ്ക് 
ഈ കൊല്ലത്തെ ഏറ്റവും മികച്ച ചിത്രം ഇത് തന്നെ. ഷാജി എന്‍ കരുണിന്റെ സംവിധാനം അദ്ധേഹത്തിന്റെ കഴിവും തെളിയിക്കുന്നു. വ്യതസ്തമായ കഥാക്ക്യാന ശൈലി തന്നെ ഈ ചിത്രത്തിന്റെ ഏറ്റവും മികച്ച ഭാഗം. മമ്മൂട്ടി കുട്ടിസ്രാങ്ക് എന്ന കഥാപാത്രത്തെ ധന്യമാക്കിയിരിക്കുന്നു. നല്ല ക്യാമറയും, ചിത്ര സംയോജനവും ഇതിനെ കൂടുതല്‍ മികവുറ്റതാക്കുന്നു. കൂടുതല്‍ പ്രേക്ഷകര്‍ ഇത്തരം നല്ല ചിത്രങ്ങളെ എന്തുകൊണ്ട് പ്രോത്സാഹിപ്പിക്കുന്നില്ല എന്ന ഒറ്റ വിഷമം മാത്രം.

എല്‍സമ്മ എന്ന ആണ്‍കുട്ടി
വീണ്ടും സ്ത്രീ കേന്ദ്രീകൃതമായ ഒരു നല്ല ചിത്രം. എല്സമ്മയുടെ ജീവിതം കേരള സമൂഹത്തിലെ പുരുഷ കേന്ദ്രീകൃത വ്യവസ്തക്കെതിരെയുള്ള ഒരു പട വെട്ടലായിട്ട് തോന്നി. അതിനൊപ്പം തന്നെ സ്ത്രീകള്‍ ഈ സമൂഹത്തില്‍ അനുഭവിക്കുന്ന പല വിഷമതകളും ഇതില്‍ തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട്. ആന്‍ അഗസ്റിന്‍ നല്ല പ്രകടനം തന്നെ കാഴ്ചവെക്കുന്നു; എങ്കിലും മറ്റൊരു മഞ്ജു വാര്യരെ ഒന്നും പ്രതീക്ഷിക്കേണ്ട. കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും വ്യതസ്തതയുള്ള നല്ല വേഷങ്ങള്‍ ചെയ്തിരിക്കുന്നു. 

പ്രാഞ്ചിയെട്ടന്‍ and the Saint
ആദ്യമായി, release ചെയ്ത ദിനം തന്നെ ബ്ലാക്കില്‍ ടിക്കറ്റ്‌ എടുത്തു കണ്ടു. ഇഷ്ടപ്പെട്ടു! ഈ ചിത്രം ഇറങ്ങുന്നതിനു മുന്‍പ് ഭയങ്കര publicity തന്നെ ആയിരുന്നു. അത് മൊത്തം ഒരു പരിധി വരെ മുതലാക്കുകയും ചെയ്തു. മലയാളത്തില്‍ ഇതിനു മുന്‍പ് കാണാത്ത ഒരു തരം story telling ഇവിടെ ഉപയോഗിച്ചിരിക്കുന്നു. പോരാത്തതിനു ഒരു cliff hanger അവസാനവും ഈ പടത്തിനു കൊടുക്കാന്‍ സാധിച്ചിരിക്കുന്നു. എല്ലാം കൊണ്ടും ഈ കൊല്ലത്തെ No-1 entertainer. 

കാണാന്‍ സാധിക്കാതെ പോയ മറ്റു നല്ല ചിത്രങ്ങള്‍
സുഫി പറഞ്ഞ കഥ
T D ദാസന്‍, Std VI B
അപൂര്‍വരാഗം
മലര്‍വാടി Arts Club